Messages


കര്‍ത്താവിനാല്‍ സ്നേഹിയ്ക്കപ്പെട്ടവരേ,

          ആരാധനാക്രമവര്‍ഷമനുസരിച്ച് നാമിപ്പോള്‍ ആഗമനകാലത്ത് അഥവാ മംഗളവാര്‍ത്താക്കാലത്താണ്. വര്‍ഷം തോറും നാം നടത്തുന്ന അല്ലെങ്കില്‍ ആവര്‍ത്തിയ്ക്കുന്ന ഒരു തീര്‍ത്ഥാടനത്തിന്റെ തുടക്കമാണിത്. ആഗമനകാലത്ത് ആരംഭിച്ച് പള്ളിക്കൂദാശാ കാലത്താണ് ആ യാത്ര നമ്മള്‍ അവസാനിപ്പിയ്ക്കുന്നത്. പള്ളിക്കൂദാശാക്കാലം കര്‍ത്താവിന്റെ രണ്ടാമത്തെ വരവില്‍ അവിടുത്തെ കണ്ടുമുട്ടുന്നതിന്റെ ഓര്‍മ്മയാണ്. അത് നമ്മുടെ സ്വര്‍ഗ്ഗപ്രവേശനത്തിന്റെ ഘട്ടവുമാണ്. ക്രൈസ്തവജീവിതത്തിന്റെ ലക്ഷ്യം സ്വര്‍ഗ്ഗപ്രവേശനമാണെന്ന കാര്യം ഓരോ ക്രൈസ്തവവിശ്വാസിയ്ക്കും അറിയുന്ന കാര്യമാണ്. ദൈവത്തോടൊത്തുള്ള അനശ്വരമായ ജീവിതവും അതില്‍ നിന്ന് ലഭിയ്ക്കുന്ന അവസാനിയ്ക്കാത്ത ആനന്ദവുമാണല്ലോ സ്വര്‍ഗ്ഗത്തില്‍ നമുക്ക് കിട്ടുന്നത്. ആ നിത്യജിവിതത്തിന്റേയും ആനന്ദത്തിന്റേയും മുന്നാസ്വാദനമാണ് ക്രൈസ്തവജീവിതത്തിലൂടെ നമുക്ക് ലഭ്യമാകുന്നതും ആകേണ്ടതും. അതല്ലെങ്കില്‍ ക്രിസ്ത്യാനിയുടെ ജീവിതം വെറും പാഴ്ജീവിതമാകും.

ദൈവത്തിന്റെ കല്പന ലംഘിച്ച് അവിടുത്തേയ്ക്കെതിരായി മനുഷ്യന്‍ പാപം ചെയ്തു. ദൈവികസാമീപ്യത്തിന്റേയും എല്ലാ സൌഭാഗ്യങ്ങളുടേയും അവസ്ഥയായിരുന്ന ഏദേന്‍ തോട്ടത്തില്‍ നിന്ന് മനുഷ്യന്‍ പുറത്താക്കപ്പെട്ടു. എന്തായിരുന്നു ആ പാപം? നന്മയും തിന്മയും താന്‍ സ്വയം തീരുമാനിയ്ക്കും, ദൈവത്തിന് അതില്‍ കാര്യമൊന്നുമില്ല എന്ന മനോഭാവമായിരുന്നു അത്. നന്മ തിന്മകളുടെ അറിവിന്റെ ഫലം തിന്നരുത് എന്ന് പറഞ്ഞാല്‍ ഏതാണ് നന്മ ഏതാണ് തിന്മ എന്ന് മനുഷ്യന്‍ തീരുമാനിയ്ക്കരുത് എന്നര്‍ഥം. അത് തീരുമാനിയ്ക്കാനുള്ള അവകാശവും അധികാരവും ദൈവത്തിന്റേതാണ്. ആ അവകാശം മനുഷ്യന്‍ കവര്‍ന്നടുക്കാന്‍ തീരുമാനിച്ചപ്പോള്‍ അവന് ദൈവസാന്നിദ്ധ്യവും അതില്‍ നിന്ന് ലഭിയ്ക്കുന്ന ആനന്ദവും നഷ്ടപ്പെട്ടു. എന്തിനേറെ, ദൈവസാന്നിദ്ദ്യം നഷ്ടപ്പെട്ട മനുഷ്യന്‍ പണിയെടുക്കുന്ന ഭൂമി പോലും പ്രതിഷേധിച്ചു. ഭൂമി യഥാവിധി ഫലം തരാതായി എന്ന് വചനം സാക്ഷിയ്ക്കുന്നു.

ദൈവത്തില്‍ നിന്ന് അകന്നെങ്കിലും മനുഷ്യനെ ദൈവം പൂര്‍ണ്ണമായി ഉപേക്ഷിച്ചില്ല. അവിടുന്നൊരു രക്ഷകനെ വാഗ്ദാനം ചെയ്തു. ആ രക്ഷകന്‍ വന്ന് നഷ്ടപ്പെട്ടു പോയ ദൈവസാന്നിദ്ധ്യവും സ്വര്‍ഗ്ഗീയാനന്ദവും വീണ്ടെടുക്കാനുള്ള മാര്‍ഗ്ഗം കാണിച്ചു തന്നു. വി. പൌലോസ് പറയുന്നു: ആകയാല്‍ ക്ര്സിതുവില്‍ എന്തെങ്കിലും ആശ്വാസമോ സ്നേഹത്തില്‍ നിന്നുള്ള സാന്ത്വനമോ ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട് ഒരേ സ്നേഹത്തില്‍ വര്‍ത്തിച്ച് ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ളവരായി എന്റെ സന്തോഷം പൂര്‍ണ്ണമാക്കുവിന്‍. മാത്സര്യമോ വ്യര്‍ത്ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നും ചെയ്യരുത്. മറിച്ച് ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളേക്കാള്‍ ശ്രേഷ്ഠരായി കരുതണം.  ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാല്‍ പോരാ. മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിയ്ക്കണം........ദൈവമായിരുന്നിട്ടും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യനേപ്പോലെ കാണപ്പെട്ടു. മരണം വരെ അതേ കുരിശുമരണം വരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍ ദൈവം അത്യധികമായി അവനെ ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. (ഫിലി. 2, 6-9‌). യേശുവിന്റെ ഈ മനോഭാവം നമുക്കും ഉണ്ടാകുമ്പോള്‍ നഷ്ടപ്പെട്ടു പോയ ദൈവസാമീപ്യവും സ്വര്‍ഗ്ഗീയാനന്ദവും തിരികെ ലഭിയ്ക്കാനുള്ള വഴി നമ്മള്‍ കണ്ടെത്തി എന്ന് പറയാം.

നമ്മുടെ കര്‍ത്താവിന്റെ ജനനത്തിരുനാളിന് ഒരുക്കമായി നമ്മള്‍ അനുഷ്ഠിയ്ക്കുന്ന ഇരുപത്തഞ്ച് ദിവസത്തെ നോമ്പ് ഈ മനോഭാവം നമ്മില്‍ ഉണ്ടാക്കിയെടുക്കാനുള്ള അഥവാ മുമ്പ് പറഞ്ഞ വഴി കണ്ടെത്താനുള്ള പരിശ്രമത്തിന്റെ ഭാഗമാണ്. വഴി കണ്ടെത്തിയാല്‍ മാത്രം പോരല്ലോ. അതിലെ നടക്കുകയും വേണം. തെറ്റിപ്പോകാതെ ആ വഴിയിലൂടെ നടന്ന് ദൈവത്തില്‍ എത്തിച്ചേരാനുള്ള മൈല്‍ക്കുറ്റികളും ചൂണ്ട് പലകകളും മറ്റുമാണ് വിശുദ്ധ ഗ്രന്ഥവും വിശുദ്ധ പാരമ്പര്യങ്ങളും കൂദാശകളും പ്രാര്‍ത്ഥനകളും തീര്‍ത്ഥാടനങ്ങളും തിരുനാളുകളും സഭാപ്രബോധനങ്ങളും എല്ലാം. ക്രിസ്തുമസ്സും അക്കൂട്ടത്തില്‍ പെടുന്ന ഒന്നാണ്. അതായത് ആരാധനാക്രമവര്‍ഷത്തിലെ മറ്റ് കാലങ്ങളുമായി ബന്ധപ്പെടുത്താതെ ആഗമനകാലത്തിനോ അതിന്റെ അവസാനം വരുന്ന ക്രിസ്തുമസ്സിനോ അര്‍ത്ഥമില്ല.

അതുപോലെ തന്നെ നന്മയും തിന്മയും ഞാന്‍ തന്നെ തീരുമാനിയ്ക്കും എന്ന മനോഭാവവും നമ്മള്‍ മറ്റേണ്ടതുണ്ട്. ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ കേവലം എഴുതപ്പെട്ട ദൈവവചനത്തിലൂടെ മാത്രമല്ല നമുക്ക് ലഭ്യമാകുന്നത് പ്രത്യുത സഭയില്‍ നിലവിലുള്ള വിശുദ്ധ പാരമ്പര്യങ്ങളിലൂടെയുമാണ്. യോഹന്നാന്റെ സുവിശേഷം 20, 30-31 ല്‍ നാം ഇപ്രകാരം വയിയ്ക്കുന്നു: ഈ ഗ്രന്ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യരുടെ സാന്നിദ്ധ്യത്തില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ഇവ തന്നെയും എഴുതപ്പെട്ടിരിയ്ക്കുന്നത് യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് നിങ്ങള്‍ വിശ്വസിയ്ക്കുന്നതിനും അങ്ങനെ വിശ്വസിയ്ക്കുക നിമിത്തം അവന്റെ നാമത്തില്‍ നിങ്ങള്‍ക്ക് ജീവന്‍ ഉണ്ടാകുന്നതിനുമാണ്. അപ്പോള്‍ അപ്പസ്തോലന്മാരോട് കര്‍ത്താവ് പറഞ്ഞുകൊടുത്ത പല കാര്യങ്ങളും ഇന്ന് സഭയിലും അവളുടെ പ്രബോധനത്തിലും കാണാം. അവയെല്ലാം എഴുതപ്പെട്ട വചനത്തില്‍ കാണുകയില്ലല്ലോ. വി. പൌലോസിന്റെ വക്കുകളും ഇത്തരുണത്തില്‍ പ്രത്യേക ശ്രദ്ധിയ്ക്കേണ്ടതാണ്: ഞങ്ങള്‍ കത്ത് മുഖാന്തിരമോ വചനത്തിലൂടെയോ നിങ്ങളോട് പരഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും അനുസരിയ്ക്കുവിന്‍. അതുകൊണ്ട് ദൈവത്തിങ്കലേയ്ക്കുള്ള വഴി നമ്മള്‍ കണ്ടെത്തി എന്ന് പറഞ്ഞാല്‍ അത് സഭാപ്രബോധനങ്ങള്‍ അനുസരിച്ചുള്‍ല ജീവിതമാണ് എന്നും മനസ്സിലാക്കണം.

ദൈവത്തിങ്കലേയ്ക്കുള്ള ശരിയായ വഴി കാണിച്ച് തരാന്‍ വന്നവന്റെ ജന്മദിനമാണ് ക്രിസ്തുമസ്സ്. യേശു ജനിച്ചത് ഡിസംബര്‍ 25 ന് ആണോ എന്നത് ചരിത്രപരമായി തീര്‍ച്ചയുള്ള കാര്യമല്ല. റോമാ സാമ്രാജ്യത്തില്‍ ആഘോഷിയ്ക്കപ്പെട്ടിരുന്ന സൂര്യദേവന്റെ ജന്മദിനം റോമാക്കാര്‍ ക്രിസ്ത്യാനികളായപ്പോള്‍ നീതിസൂര്യനായ യേശു ക്രിസ്തുവിന്റെ ജന്മദിനമാക്കി മാറ്റുകയാണുണ്ടാത്. കര്‍ത്താവിന്റെ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിയ്ക്കാന്‍ തുടങ്ങി ഏറെക്കാലം കഴിഞ്ഞതിന് ശേഷമാണ് ക്രിസ്തുമസ്സ് ആഘോഷിയ്ക്കാന്‍ ക്രിസ്ത്യാനികള്‍ തുടങ്ങിയത് എന്നതും നമ്മള്‍ ഓര്‍ത്തിരിയ്ക്കേണ്ടതാണ്. നമുക്ക് വഴി കാണിയ്ക്കാന്‍ വന്നവന്റെ ജന്മദിനം നമ്മള്‍ ആഘോഷിയ്ക്കേണ്ടത് അവന്റെ പ്രകൃതിയ്ക്കും അവന്‍ കാണിച്ച് തന്ന വഴിയ്ക്കും അനുസൃതമായിരിയ്ക്കണം എന്നത് പ്രത്യേകം പ്രസ്താവിയ്ക്കേണ്ട കാര്യമില്ല എന്ന് നിങ്ങള്‍ക്കറിയാം. ക്രിസ്തുമസ്സ് കേവലമൊരു നോമ്പു വീടലല്ല, പെരുന്നാളുമല്ല. ഞങ്ങള്‍ക്ക് ദൈവത്തിലേയ്ക്കുള്ള വഴി വീണ്ടും കാണിച്ച് തരാന്‍ വന്നവനെയും അവന്‍ കാണിച്ച് തന്നെ വഴിയേയും യഥാര്‍ത്ഥ വഴിയായി ഞങ്ങള്‍ അംഗീകരിയ്ക്കുന്നു, അവനെ പിന്‍‌ചെന്ന് ആ വഴിയിലൂടെ ഞങ്ങള്‍ നടക്കും എന്ന പ്രഘോഷണമാണത്.

ഈ പ്രഘോഷണത്തിലേയ്ക്ക് നമ്മള്‍ എത്തിച്ചേരണമെങ്കില്‍, വി. പൌലൊസ് ഫിലിപ്പിയയിലെ സഭയെ ഉപദേശിച്ചതുപോലെ നമുക്കും ക്രിസ്തുവിന്റെ മനോഭാവം ഉണ്ടാകണം; സ്ഥാനമാനമെല്ലാം മാറ്റിവച്ച് താഴേയ്ക്കിറങ്ങാന്‍ മനസ്സ് വരണം; എല്ലാം മറന്ന് രക്ഷകനെ കാത്തിരിയ്ക്കാന്‍ മനസ്സുണ്ടാകണം; പ്രകൃതിയില്‍ ദൈവത്തിന്റെ സ്വരത്തിനായി കാത്തിരിയ്ക്കുന്നവരാകണം; മറ്റുള്ളവരെ നമ്മളെക്കാള്‍ വലിയവരായി കരുതാന്‍ മനസ്സുണ്ടാകണം; പരസ്പരം കരുതലുണ്ടാകണം; പങ്ക് വയ്ക്കണം; ക്ഷമിയ്ക്കാനും പൊറുക്കാനും വിദ്വേഷവും വൈരാഗ്യവും അസൂയയുമില്ലാതെ മറ്റുള്ളവരോട് പെരുമാറാനും കഴിയണം; ത്യാഗം അനുഷ്ഠിയ്ക്കാന്‍ കഴിയണം; അനീതിയെപ്പോലും ദൈവത്തെ പ്രതി സഹിയ്ക്കാന്‍ കഴിയണം. ഇതെല്ലാമുള്ളവരെപ്പറ്റിയാണ് ദൈവദൂതന്മാര്‍ പറഞ്ഞത്: അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം; ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനം (ലൂക്കാ 2, 14). അപ്രകാരമുള്ളവരായിരുന്നു ദേവാലയത്തില്‍ കാത്തിരുന്ന ശെമയോനും അന്നയും; ദൈവദൂതന്മാരുടെ സ്വരം ശ്രവിച്ച ആട്ടിടയന്മാര്‍; ഭരണസമിതിയായ സാന്‍‌ഹെദ്രിന്റെ മുമ്പില്‍ യേശുവിന് വേണ്ടി വാദിച്ച നിക്കോദേമൂസ്; സ്വന്തം പാപം തിരിച്ചറിഞ്ഞ സക്കേവുസും മഗ്ദെലേനാ മറിയവും; പീലാത്തോസിന്റെ മുമ്പില്‍ യേശുവിന് വേണ്ടി മാദ്ധ്യസ്ഥം വഹിച്ച പീലാത്തോസിന്റെ ഭാര്യ. നമ്മള്‍ എവിടെ നില്‍ക്കുന്നു എന്ന് ആത്മശോധന ചെയ്ത് നോക്കാം.

ദൈവത്തിലേയ്ക്കുള്ള വഴി വീണ്ടും കണ്ടെത്തിയതിന്റെ സന്തോഷമാണ് ക്രിസ്തുമസ്സിന്റെ ആഘോഷങ്ങളില്‍ പ്രതിഫലിയ്ക്കേണ്ടത്. ക്ര്സിതുമസ്സ് കാര്‍ഡും, ക്രിസ്തുമസ്സ് കേക്കും, ക്ര്സിതുമസ്സ് കരോളും, ക്ര്സിതുമസ്സ് നക്ഷത്രവും, പുല്‍ക്കൂടും, സമ്മാനങ്ങളും എല്ലാം സൂചിപ്പിയ്ക്കുന്നത് ഇത് മാത്രമാണ്. അതിനിടയില്‍ മദ്യപാനത്തിനും ആഡംഭരസദ്യകള്‍ക്കും വിലകൂടിയ സമ്മാനങ്ങള്‍ക്കും അര്‍ത്ഥമില്ലാതായിത്തിരുന്നു. അവ ക്രിസ്തുമസ്സിന്റെ അരൂപിയ്ക്ക് അന്യമാണ്. ലാഭം ലക്ഷ്യമാക്കിയുള്ള കച്ചവടതന്ത്രങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും നമ്മള്‍ അടിപ്പെടരുത്. ക്രിസ്തുവില്ലാത്ത ക്രിസ്തുമസ്സ് കാര്‍ഡുകള്‍ അര്‍ത്ഥമില്ലാത്തവ തന്നെ. പൂക്കളും ചെടികളും സമ്മാനപ്പൊതികളും മറ്റും നിറഞ്ഞു നില്‍ക്കുന്ന കാര്‍ഡുകള്‍ കണ്ണിന് ഇമ്പം പകരുന്നവ തന്നെ. പക്ഷെ അവ ദൈവത്തിലേയ്കുള്ള വഴി കാണിച്ച് തന്നവനെ ദ്യോതിപ്പിയ്ക്കുന്നില്ല. നമ്മുടെ കരോളുകളില്‍ നിന്ന് ക്രിസ്തുമസ്സിന്റെ യഥാര്‍ത്ഥ സന്ദേശം ചോര്‍ന്നു പോകാതിരിയ്ക്കട്ടെ. അവ ദൈവരാജ്യത്തിലേയ്ക്കുള്ള വഴി കണ്ടെത്തിയതിന്റെ സന്തോഷം പങ്ക് വയ്ക്കട്ടെ. സര്‍വ്വോപരി ദരിദ്രനെ മറക്കുന്ന അവസരമാകാതിരിയ്ക്കട്ടെ ക്രിസ്തുമസ്സ്.

ഇപ്പറഞ്ഞ കാര്യം നമ്മള്‍ ആചരിയ്ക്കുന്ന കരുണയുടെ വര്‍ഷത്തില്‍ പ്രത്യേക പ്രാധാന്യം അര്‍ഹിയ്ക്കുന്നു. ഈ നോമ്പ് കാലത്ത് നമ്മള്‍ കരുണയുടെ വര്‍ഷം ഉദ്ഘാടനം ചെയ്യുന്നത് തികച്ചും പ്രസക്തമാണ്. നമ്മുടെ ഇടവകകളില്‍ സാമ്പത്തിക ക്ലേശങ്ങള്‍ മൂലം വീടില്ലാത്തവരുണ്ടാകാം; വിവാഹം നടക്കാത്തവരുണ്ടാകാം; വിദ്യാഭ്യാസം തുടരാന്‍ കഴിയാതെ നില്‍ക്കുന്നവരുണ്ടാകാം. അവരെയും അതുപോലെയുള്ള മറ്റുള്ളവരേയും നമ്മള്‍ കണ്ടെത്തുകയും നമ്മളാല്‍ കഴിയും വിധം സഹായിയ്ക്കുകയും ചെയ്യണം എന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു. അതിന് ഇടവകകള്‍ എന്ന പോലെ കുടുംബങ്ങളും വ്യക്തികളും മുന്‍‌കയ്യെടുക്കണം. ഒരു പക്ഷേ ക്രിസ്തുമസ്സ് കാലത്ത് നമ്മള്‍ ചെലവാക്കാന്‍ ഉദ്ദേശിയ്ക്കുന്ന തുകയുടെ ഒരു ഭാഗംന്‍ മാറ്റി വച്ചുകൊണ്ട് ഇക്കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് ദൈവത്തിന് കൂടുതല്‍ സ്വീകാര്യമാകുന്നു.

ക്രിസ്തുമസ്സ് കഴിഞ്ഞ് വരുന്ന രണ്ട് മാസങ്ങള്‍ നമ്മുടെ ഇടവകത്തിരുനാളുകളുടെ കാലമാണല്ലോ. പല ഇടവകകളും പൂര്‍വ്വാധികം ആഘോഷമായി നടത്താനുള്ള തീരുമാനങ്ങള്‍ എടുത്തതായി അറിയാം. അതേ സമയം മറ്റ് ധാരാളം ഇടവകകള്‍ എന്റെ ആഹ്വാനം ശ്രവിച്ച് ചെലവുകള്‍ കുറച്ച് അവയില്‍ നിന്ന് മിച്ചം വയ്ക്കുന്ന തുക മുകളില്‍ പറഞ്ഞതു പോലെയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റി വയ്ക്കുന്നുണ്ട് എന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണ്. അവരെയെല്ലാം നന്ദി പൂര്‍വ്വം ഓര്‍ക്കുകയും മറ്റുള്ളവരേയും അവരുടെ അനുകരണീയമായ മാതൃക പിന്‍‌തുടരാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. പല സന്ദര്‍ഭങ്ങളിലും ബഹുമാനപ്പെട്ട വികാരിയച്ചന്മാര്‍ ഇടവകയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ചെലവുകള്‍ കുറയ്ക്കാന്‍ പറ്റാതെ പ്രയാസപ്പെടുന്നത് എന്നെനിയ്ക്കറിയാം. ഇടവകാംഗങ്ങള്‍ ഇക്കാര്യത്തില്‍ അവരോട് സഹകരിയ്ക്കണം എന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു.

ക്രിസ്തുമസ്സ് ആഘോഷങ്ങളില്‍ നിന്ന്, എന്നല്ല എല്ലാ ആഘോഷങ്ങളില്‍ നിന്നും,  തീര്‍ത്തും മാറ്റി നിര്‍ത്തപ്പെടേണ്ട ഒന്നാണ് മദ്യം. വ്യക്തികളും കുടുംബങ്ങളും നശിയ്ക്കുന്നതോടൊപ്പം സമൂഹത്തില്‍ വലിയ ഉതപ്പിനും ധാര്‍മ്മികാധഃപ്പതനത്തിനും മദ്യം കാരണമകുന്നുണ്ട്. കേരളീയ സമൂഹത്തില്‍ സ്ഥിരമായി മദ്യപിയ്ക്കുന്നവരുടെ എണ്ണം ദിവസേന കൂടി വരുന്നു എന്നത് നമ്മുടെ കണ്ണ് തുറപ്പിയ്ക്കേണ്ട വസ്തുതയാണ്. അതുപോലെ തന്നെ മദ്യപാനികളുടെ പ്രായം പതിമ്മൂന്നില്‍ തുടങ്ങുന്നു എന്നതും അപകടസൂചന തന്നെയാണ്. മാതാപിതാക്കള്‍ മദ്യപാനത്തിന്റെ അപകടങ്ങളെപ്പറ്റി മക്കളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തണം. പിന്നീട് അവരെ പ്രതി വിലപിയ്ക്കാന്‍ ഇടവരാതിരിയ്ക്കട്ടെ. പള്ളീകളില്‍ ബഹുമാനപ്പെട്ട വികാരിയച്ചന്മാര്‍ മദ്യപാനത്തിന്റെ അധാര്‍മ്മികവശങ്ങളെപ്പറ്റി ജനങ്ങളെ പറഞ്ഞ് അവബോധമുള്ളവരാക്കണം.


2015 നോട് വിട പറഞ്ഞ് പുതിയൊരു വര്‍ഷത്തെ വരവേല്‍ക്കാനും നമ്മള്‍ ഒരുങ്ങുകയാണല്ലോ. 2015 ല്‍ ദൈവം നമുക്ക് നല്‍കിയ എല്ലാ കൃപകള്‍ക്കും അവിടുത്തോട് നന്ദിയുള്ളവരായിരിയ്ക്കാം. വിജയങ്ങളോടൊപ്പം പരാജയങ്ങളും നമ്മള്‍ അനുഭവിച്ചിട്ടുണ്ടാകാം. അവയെ ഓര്‍ത്ത് ദുഃഖിയ്ക്കാതെ ദൈവത്തിലാശ്രയിച്ചുകൊണ്ട് കൂടുതല്‍ ഉണര്‍വ്വോടും ഉന്മേഷത്തോടും കൂടി നമുക്ക് മുന്നേറാം. അതിനുള്ള ശക്തി ഈ പുതുവത്സരത്തില്‍ കര്‍ത്താവില്‍ നിന്ന് നമുക്ക് യാചിയ്ക്കാം. കര്‍ത്താവിന്റെ കൃപ നിങ്ങളേവരോടും കൂടിയുണ്ടായിരിയ്ക്കട്ടെ. ഏവര്‍ക്കും ഫലദായകമായ നോമ്പുകാലവും, സന്തോഷപ്രദമായ ക്രിസ്തുമസ്സും സമൃദ്ധിയും ദൈവാനുഗ്രഹവും നിറഞ്ഞ പുതുവത്സരവും ആശംസിയ്ക്കുന്നു.

മാനന്തവാടി രൂപതാ കാര്യാലയത്തില്‍ നിന്ന് 2015 നവംബര്‍ മാസം 20 ന് നല്‍കപ്പെട്ടത്.

 

ജോസ് പൊരുന്നേടം

മാനന്തവാടി രൂപതയുടെ മെത്രാന്‍
മാനന്തവാടി രൂപതയുടെ അദ്ധ്യക്ഷനായ പൊരുന്നേടം മാര്‍ ജോസ് മെത്രാന്‍ തന്റെ സഹശുശ്രൂഷകരായ വൈദികര്‍ക്കും ശെമ്മാശ്ശന്മാര്‍ക്കും സമര്‍പ്പിതര്‍ക്കും അത്മായ സഹോദരങ്ങള്‍ക്കും തനിയ്ക്ക് ഭരമേല്‍പ്പിയ്ക്കപ്പെട്ടിരിയ്ക്കുന്ന ദൈവജനം മുഴുവനും എഴുതുന്നത്

 

കര്‍ത്താവിനാല്‍ സ്നേഹിയ്ക്കപ്പെട്ടവരേ,

          നമ്മുടെ കര്‍ത്താവിന്റെ ജനനത്തിരുനാളിന്റെ ഒരുക്കമായിട്ടുള്ള ഇരുപത്തഞ്ചു നോമ്പിന്റെ ഏതാണ്ട് മദ്ധ്യഭാഗത്ത് എത്തി നില്‍ക്കുകയാണല്ലോ നമ്മള്‍. ഇത്തരുണത്തില്‍ ഇതുമായി ബന്ധപ്പെട്ട ഏതാനും ആദ്ധ്യാത്മിക ചിന്തകള്‍ നിങ്ങളുമായി പങ്ക് വയ്ക്കട്ടെ. നമ്മുടെ ആരാധനക്രമം ഒമ്പത് കാലങ്ങളായി തിരിച്ചിരിയ്ക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഓരോ കാലവും കര്‍ത്താവിന്റെ ജീവിതത്തിലെ അല്ലെങ്കില്‍ അവിടുത്തെ ശിഷ്യരുടെ സമൂഹമായ സഭയുടെ ജീവിതത്തിലെ ഓരോ ഘട്ടത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ക്രിസ്തുവര്‍ഷത്തിലെ ജനുവരി, ഫെബ്രുവരി തുടങ്ങിയ മാസങ്ങളുടെ പേരുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. അവയ്ക്കെല്ലാം ഓരോ അര്‍ത്ഥമുണ്ട്. അതുപോലെ തന്നെ ആരാധനക്രമവര്‍ഷത്തിലെ തിരിവുകള്‍ക്കും അര്‍ത്ഥമുണ്ട്. കര്‍ത്താവിന്റെ ജിവിതത്തിലെ അല്ലെങ്കില്‍ അവിടുന്ന് തന്നെ ശിരസ്സായ അവിടുത്തെ മൌതികശരീരത്തിന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തെ അവ ദ്യോതിപ്പിയ്ക്കുന്നു.

          ആരാധനക്രമത്തിലെ ആദ്യകാലട്ടം ആഗമനകാലം അഥവാ മംഗളവാര്‍ത്താക്കാലമാണ്. രക്ഷകന്റെ വരവിനെ സൂചിപ്പിയ്ക്കന്നതിനാല്‍ ആഗമനകാലമെന്നും പരിശുദ്ധ കന്യാമറിയത്തോട് ദൈവദൂതന്‍ അരുളിച്ചെയ്ത നല്ല വാര്‍ത്തയുടെ, അതായത് രക്ഷകന്റെ വരവിന്റെ, ഓര്‍മ്മയായതിനാല്‍ മംഗളവാര്‍ത്താക്കാലമെന്നും വിളിയ്ക്കപ്പെടുന്നു. ആദിമാതാപിതാക്കളുടെ പാപത്തെത്തുടര്‍ന്ന് പറുദീസായില്‍ നിന്ന് പുറത്താക്കപ്പെട്ട മനുഷ്യനെ രക്ഷിയ്ക്കാന്‍ ദൈവം ഒരു രക്ഷകനെ വാഗ്ദാനം ചെയ്തു. ആ രക്ഷകന് വന്നു പിറക്കാന്‍ ഒരു ജനത്തെ അവിടുന്ന് തെരഞ്ഞെടുത്ത് ഒരുക്കാന്‍ ആരംഭിയ്ക്കുകയും ചെയ്തു.

അബ്രാഹത്തിന്റെ വിളിയിലൂടെ അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ജനമാണ് ഇസ്രായേല്‍ അഥവാ യഹൂദര്‍. അവര്‍ക്ക് മൂശ വഴി ദൈവം കൊടുത്ത നിയമങ്ങളുടേയും ചട്ടങ്ങളുടേയും എല്ലാം ലക്ഷ്യം ഒന്ന് മാത്രമായിരുന്നു, രക്ഷകനായി ദൈവപുത്രന്  പിറക്കാന്‍ തക്കവിധം യോഗ്യമായ വിശുദ്ധിയുള്ള ഒരു ജനമായി അവരെ നിലനിര്‍ത്തുക. നിര്‍ഭാഗ്യവശാല്‍ അവര്‍ ആ നിയമങ്ങളെ ലംഘിച്ചു. അപ്പോഴൊക്കെ ദൈവം അവരുടെ പ്രത്യേകമായ വിളിയെപ്പറ്റിയും അതിനുള്ള മാര്‍ഗ്ഗമായീ ദൈവം കൊടുത്ത നിയമങ്ങളുടെ ശരിയായ അനുഷ്ഠാനങ്ങളെപ്പറ്റിയും അവരെ ഓര്‍മ്മപ്പെടുത്താന്‍ അവിടുന്ന് പ്രവാചകന്മാരെ അയച്ചു. എന്നാല്‍ അവരെ അവര്‍ കൊന്നു കളഞ്ഞു. കാരണം അവരുടെ ദൃഷ്ടിയില്‍ പ്രവാചകന്മാര്‍ പറഞ്ഞ കാര്യങ്ങളും കാണീച്ച് കൊടുത്ത വഴികളും അവരുടെ പാരമ്പര്യങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. കാത്തിരുപ്പിന്റെ കാലം നീണ്ടപ്പോള്‍ ഇസ്രായേല്‍ ദൈവത്തിന്റെ വചനങ്ങളുടേയും അവിടുത്തെ നിയമങ്ങളുടേയും അര്‍ത്ഥവും ലക്ഷ്യവും മറന്ന് പോയിരുന്നു. രക്ഷകനില്‍ അവര്‍ കണ്ടത് ഒരു രാഷ്ട്രീയ രക്ഷകനെ ആയിരുന്നു. രക്ഷ എന്നത് റോമാക്കാരുടെ അടിമത്തത്തില്‍ നിന്നുള്ള രക്ഷയായി അവര്‍ തെറ്റിദ്ധരിച്ചു. ദാവീദിന്റെ വംശത്തില്‍ രക്ഷകന്‍ പിറക്കും എന്നറിയാവുന്ന അവര്‍ അവിടുത്തെ ദാവീദിന്‍റെ മകനായ ഒരു രാജകുമാരനായി മനസ്സിലാക്കി.  ഫലമോ, യഹൂദരില്‍ വളരെപ്പേരും ജോസഫെന്ന ആശാരിയുടേയും വീട്ടമ്മയായ സാധാരനക്കാരി മറിയത്തിന്റേയും മകനായി അറിയപ്പെട്ട ഈശോയില്‍ രക്ഷകനെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു.

 

ആഗമനകാലത്തെ നോമ്പാചരണത്തിന്റെ ലക്ഷ്യം രക്ഷകന് വന്നു പിറക്കാന്‍ പാകത്തിന് നമ്മളോരോത്തരും ആകുന്ന വ്യക്തികളേയും നമ്മള്‍ ഉള്‍ക്കൊള്ളുന്ന സമൂഹങ്ങളേയും ആന്തരികവും ബാഹ്യവുമായി പരിശുദ്ധരാക്കുക എന്നതാണ്. ഭക്ഷണപാനീയങ്ങളിലുള്ള നിയന്ത്രണവും, കൂടുതലായി ചൊല്ലുന്ന പ്രാര്‍ത്ഥനകളും നടത്തുന്ന തീര്‍ത്ഥാടനങ്ങളും എല്ലാം അതിന്റെ ബാഹ്യപ്രകടനങ്ങള്‍ മാത്രമാണ്. അവ അനുഷ്ഠിച്ചതുകൊണ്ട് മാന്ത്രികമായി ഫലമൊന്നും ഉണ്ടാകുകയില്ല. നമ്മുടെ മനസ്സ് ശുദ്ധമായിരിയ്ക്കണം. കര്‍ത്താവിന്റെ വചനം ശ്രദ്ധിയ്ക്കുക: അവന്‍ ജനങ്ങളെ തന്റെ അടുത്തു വിളിച്ചു പറഞ്ഞു: നിങ്ങള്‍ കേട്ടു മനസ്സിലാക്കുവിന്‍ വായിലേയ്ക്കു പ്രവേശിക്കുന്നതല്ല, വായില്‍നിന്നു വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്.... ഈ ഉപമ ഞങ്ങള്‍ക്കു വിശദീകരിചു തരണമേ എന്നു പത്രോസ് അപേക്ഷിച്ചു. അവന്‍ ചോദിച്ചു: നിങ്ങള്‍ ഇപ്പോഴു ഗ്രഹണശക്തിയില്ലാത്തവരാണോ? വായില്‍ പ്രവേശിക്കുന്നവ ഉദരത്തിലേക്കുപോകുന്നെന്നും അവിടെനിന്ന് അതു വിസര്‍ജ്ജിക്കപ്പെടുന്നെന്നും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ? എന്നാല്‍ വായില്‍നിന്നു വരുന്നത് ഹൃദയത്തില്‍നിന്നാണു പുറപ്പെടുന്നത്. അതു മനുഷ്യനെ അശുദ്ധനാക്കുന്നു. ദുശ്ചിന്തകള്‍, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കള്ളസാക്ഷ്യം, പരദൂഷണം എന്നിവയെല്ലാം ഹൃദയത്തില്‍ നിന്നാണ് പുറപ്പെടുന്നത്. ഇവയാണ് ഒരുവനെ അശുദ്ധനാക്കുന്നത് (മത്തായി 15: 11-20).

     ഈ നോമ്പിന്റെ അവസരത്തിലും തുടര്‍ന്നും നമ്മുടെ ഹൃദയങ്ങളേയും മനസ്സുകളേയ്യും കര്‍ത്താവ് സൂചിപ്പിച്ച എല്ലാ തിന്മകളില്‍ നിന്നും നമുക്ക് മോചിപ്പിയ്ക്കാം. അപ്പോള്‍ രക്ഷകന് വന്നു പിറക്കാന്‍ തക്കവിധം നമ്മുടെ മനസ്സും ഹൃദയവും പരിശുദ്ധമാകും.

          കരത്താവിന്റെ ജനനത്തിരുനാള്‍ കഴിഞ്ഞാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നമ്മള്‍ പുതിയൊരു വര്‍ഷത്തെ 2015 നെ വരവേല്‍ക്കുകയാണ്. കടന്നു പോയ വര്‍ഷം ദൈവം നമുക്ക് നല്‍കിയ നിരവധിയായ നന്മകള്‍ക്കായി അവിടുത്തേയ് നന്ദി പറയാം. അതുപോലെ കടന്നു പോയ വര്‍ഷം സംഭവിച്ച പരാജയങ്ങളില്‍ ദുഃഖിച്ചിരിയ്ക്കാതെ ധൈര്യപൂര്‍വ്വം മുന്നോട്ട് പോകാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിയ്ക്കാം. പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് നമ്മുടെ ഭാവിപ്രവര്‍ത്തനങ്ങളെ വിജയഠിലേയ്ക്ക് നയിയ്ക്കാനുള്ള ശക്തി അവിടുന്ന് നമുക്ക് തരും. ഏവര്‍ക്കും ഫലദായകമായ നോമ്പുകാലവും, സന്തോഷപ്രദമായ ക്രിസ്തുമസ്സും സമൃദ്ധിയും ദൈവാനുഗ്രഹവും നിറഞ്ഞ പുതുവത്സരവും ആശംസിയ്ക്കുന്നു. കര്‍ത്താവിന്റെ കൃപ നിങ്ങളേവരോടും കൂടിയുണ്ടായിരിയ്ക്കട്ടെ.

ജോസ് പൊരുന്നേടം

മാനന്തവാടി മെത്രാന്‍


പ്രിയപ്പെട്ട അദ്ധ്യാപകരേ, അനദ്ധ്യാപകരേ, കുട്ടികളേ,

          2014 മാര്‍ച്ച് 1 മുതല്‍ 2015 മാര്‍ച്ച് 1 വരെ മാനന്തവാടി രൂപത ലഹരിവിമുക്തവര്‍ഷമായി ആചരിയ്ക്കുകയാണ്. രൂപത നടത്തുന്ന സ്കൂളുകളിലും ഇതു സംബന്ധമായ പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായാണ് ചില കാര്യങ്ങള്‍ നിങ്ങളും ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. അവ എത്രയും ആത്മാര്‍ത്ഥതയോടെയും പ്രതിബദ്ധതയോടെയും ചെയ്യുന്നതില്‍ നിങ്ങളും ഉത്സുകരാകണം. വിദ്യാഭ്യാസമെന്നത് കേവലം അക്ഷരം എഴുതാന്‍ പഠിയ്ക്കുന്നതും അക്കങ്ങള്‍ കൂട്ടാനും കിഴിയ്ക്കാനും പഠിയ്ക്കുന്നതും മാത്രം അല്ലല്ലോ. അതിലുപരി കുടുംബത്തിനും സമൂഹത്തിനും എല്ലാം താങ്ങും തണലും ആകാന്‍ തലമുറകളെ അഭ്യസിപ്പിയ്ക്കുക കൂടിയാണ്.

നമ്മുടെ സമൂഹത്തില്‍ മദ്യപിയ്ക്കുന്നവരും മയക്കുമരുന്ന് ഉപയോഗിയ്ക്കുന്നവരും ധാരാളമുണ്ട്. നിര്‍ഭാഗ്യവശാല്‍ കുട്ടികളുടെയിടയില്‍ പോലും ഇത്തരം ദുശ്ശീലങ്ങള്‍ വര്‍ദ്ധിച്ചിരിയ്ക്കുന്നു എന്ന് നമ്മള്‍ തിരിച്ചറിയുന്നു. ഇതൊരു രോഗമാണ്. ശരിയായ സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഈ രോഗം ക്യാന്‍സര്‍ രോഗം പോലെ പടര്‍ന്ന് പിടിച്ച് നമ്മുടെ സമൂഹത്തെ പാടെ നശിപ്പിയ്ക്കും എന്നത് നിസ്തര്‍ക്കമാണ്.

          ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം കഴിയ്ക്കുന്നവര്‍ കേരളത്തിലാണ് എന്ന വസ്തുത നമുക്ക് ഒട്ടും അഭിമാനിയ്ക്കാവുന്ന കാര്യമല്ല. മദ്യപരുടെ കുറഞ്ഞ പ്രായം കേരളത്തില്‍ കേവലം പതിമ്മൂന്ന് ആണ് എന്നതും ഞെട്ടിപ്പിയ്ക്കുന്ന വസ്തുതയാണ്. സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ മയക്കുമരുന്നിന്റെ ഉപയോഗം വളരെ വ്യാപകമാണ് എന്ന് പല സര്‍വ്വേകളും സൂചിപ്പിയ്ക്കുന്നു. കുട്ടികള്‍ തന്നെ മയക്കുമരുന്ന് വില്പനയില്‍ കണ്ണികളാകുന്നതും സാധാരണമാണിന്ന്. നിങ്ങളില്‍ ആരും ഈ ചതിക്കുഴിയില്‍ പെടാതിരിയ്ക്കട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന. ആരെങ്കിലും ഇവയ്ക്ക് അടിപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ എത്രയും വേഗം അതില്‍ നിന്ന് മോചിതരാകണം. അല്ലാത്ത പക്ഷ അതിഭയാനകവും ഭീകരവുമായ പ്രത്യേഘാതങ്ങള്‍ ഉണ്ടാകും എന്നതും നാം മനസ്സിലാക്കാണ്ടതാണ്. ഇതിന് തടയിടാന്‍ ആവശ്യമായ നടപടികള്‍ നമ്മള്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ വില നമ്മള്‍ കൊടുക്കേണ്ടി വരും.

          കഴിഞ്ഞകാലങ്ങളില്‍ ലഹരിയുടെ ഉപയോഗം വളരെ രഹസ്യമായിട്ടാണ് നടന്നിരുന്നതെങ്കില്‍ ഇന്നത് പരസ്യമായിട്ടാണ് നടക്കുന്നത്. ലഹരി ഉപയോഗം തെറ്റായതും മാന്യതയുള്ളവര്‍ക്ക് ചേരാത്തതുമായ പ്രവര്‍ത്തിയാണ് എന്ന ബോദ്ധ്യം സമൂഹത്തില്‍ നിലനിന്നിരുന്നതുകൊണ്ടാണ് അന്ന് അങ്ങനെ ചെയ്തിരുന്നത്.  എന്നാല്‍ ഇന്ന് ആ സ്ഥിതി മാറിക്കഴിഞ്ഞു. പ്രത്യേകിച്ച് മദ്യപാനം സമൂഹത്തില്‍ മാന്യത കൊടുക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു. അതുപോലെ തന്നെ കുട്ടികളുടെ ഇടയില്‍ പരസ്പരം അംഗീകാരം കിട്ടണമെങ്കില്‍ മയക്കുമരുന്നിന്റെ ഉപയോഗത്തില്‍ പങ്ക് ചേരണം എന്ന നിലയും ആയിക്കഴിഞ്ഞു. പണം ഉണ്ടാക്കാന്‍ മയക്കുമരുന്ന് വില്പന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യാപൃതരാകുന്നത് തെറ്റല്ല എന്ന ബോദ്ധ്യവും വളരെയധികം യുവാക്കളെ ഗ്രസിച്ചീ‍രിയ്ക്കുന്നു.

          ടെലിവിഷന്‍ സിരിയലുകളിലും സിനിമകളിലും മദ്യപാനത്തിന്റേയും മയക്കുമരുന്നുപയോഗത്തിന്റേയും രംഗങ്ങള്‍ അവ തെറ്റല്ല എന്ന രിതിയില്‍ അവതരിപ്പിയ്ക്കപ്പെടുന്നുണ്ട്. ഇവയില്‍ അഭിനയിയ്ക്കുന്ന നടന്മാര്‍ സമുഹം ഏറെ ബഹുമാനിയ്ക്കുന്നവര്‍ കൂടിയാകുമ്പോള്‍ അവരുടെ ദുസ്വാധീനം സമൂഹത്തില്‍ എന്തുമാത്രം ഉണ്ടാകും എന്നത് ഊഹിയ്ക്കാവുന്ന വസ്തുതയാണ്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലഹരി, അത് മദ്യമാകട്ടെ മയക്കുമരുന്നാകട്ടെ, ഉപയോഗിയ്ക്കുന്നത് മാന്യതയുടെ അടയാളമാണോ? അല്ല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മദ്യപാനം ബലഹീനതയുടേയും അപകര്‍ഷതാ ബോധത്തിന്റേയും മറ്റും അടയാളങ്ങളാണ്. മദ്യപന്‍ മറ്റുള്ളവരെ ചീത്ത വിളിയ്ക്കുമ്പോള്‍ കേള്‍വിക്കാര്‍ പറയും ഓ പോകട്ടെ, അവന്‍ കള്ളു കുടിച്ചിട്ട് പറയുന്നതാണ് എന്ന്. അതായത് മദ്യപിച്ച് ലക്കു കെട്ടാല്‍ ഇങ്ങനെയൊക്കെ പറയും എന്ന് സമൂഹത്തിനൊരു മുന്‍‌വിധിയുണ്ട്. അതിനെ മുതലെടുക്കുകയാണ് മദ്യപര്‍ ചെയ്യുന്നത്. എന്നാല്‍ മദ്യപാനം ബോധത്തെ കെടുത്തുന്നില്ല എന്നതിന് തെളിവാണല്ലോ പോലീസിനെ കാണുമ്പോള്‍ മദ്യപര്‍ ഓടിയൊളിയ്ക്കുന്നതും അധികാരികളുടെ മുമ്പില്‍ മദ്യപിച്ച് പ്രത്യക്ഷപ്പെടാതിരിയ്ക്കുന്നതും മറ്റും. പരസ്യമായി പറയാന്‍ പേടിയുള്ളതും ചെയ്യാന്‍ ലജ്ജ തോന്നുതതുമായ കാര്യങ്ങള്‍ പറയാനും ചെയ്യാനും പേടിയുള്ളവര്‍ ആ പേടിയെ മറികടക്കാന്‍ കണ്ടെത്തുന്ന ഒരു തന്ത്രമായിട്ടേ മദ്യപാനത്തെയും മയക്കുമരുന്നുപയോഗത്തേയും മറ്റും കാണാന്‍ കഴിയുകയുള്ളു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ഭിരുത്വത്തിന്റേയും അപകര്‍ഷതാബോധത്തിന്റേയും അടയാളമാണ് ലഹരിയുടെ ഉപയോഗം. ലഹരികള്‍ക്കടിപ്പെടുന്ന കുട്ടികളുടെ കാര്യത്തില്‍ ഇത് ഏറെ ശരിയാണ്.

ലഹരിയുടെ ഉപയോഗത്തിലേയ്ക്ക് ഓരോരുത്തരും കടന്നു വരുന്നത് ഓരോ കാരണത്താലാകാം. കുറേപ്പേരെങ്കിലും കൂട്ടുകാരുടേയും സമപ്രായക്കാരുടേയും നിര്‍ബന്ധം മൂലവും കളിയാക്കല്‍ ഭയന്നും കൂട്ടുകാരെ നഷ്ടപ്പെടുമോ എന്ന ഭയത്താലും മറ്റുമാണ് ലഹരിയ്ക്ക് അടിപ്പെടുന്നത്. ആദ്യം വെറും തമാശയ്ക്ക് ആരംഭിച്ച് പിന്നീട് അതിന് അടിപ്പെടുന്ന കാഴ്ചയാണ് പലപ്പോഴും കണ്ടു വരുന്നത്. ജിവിതത്തില്‍ പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ അതില്‍ നിന്ന് ഓടിയൊളിയ്ക്കാന്‍ ഉള്ള ഒരു മാര്‍ഗ്ഗമായി ലഹരിയുടെ ഉപയോഗത്തെ മറ്റ് ചിലര്‍ കാണുന്നു. ലഹരിയുടെ ശക്തിയില്‍ നിന്ന് മോചിതരാകുമ്പോള്‍ ആദ്യത്തേതിലും കൂടുതല്‍ പ്രയാസവും പ്രതിസന്ധിയും ഉണ്ടകുന്നു എന്നതാണ് ഇവിടെ സംഭവിയ്ക്കുന്നത്. അപ്പോള്‍ വീണ്ടും ലഹരിയിലേയ്ക്ക് തന്നെ തിരിയും. ദൈവം, സ്വര്‍ഗ്ഗം, നരകം, പരലോക ജീവിതം തുടങ്ങിയ കാര്യങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന്‍റെ അടയാളമയി ഇതിനെ കാണാം. തനിയ്ക്ക് പ്രതിസന്ധികളുണ്ടാകുമ്പോള്‍ താങ്ങി നിര്‍ത്താന്‍ ദൈവമുണ്ട് എന്ന വിശ്വാസമുള്ളവര്‍ക്ക് ആശ്വാസം കിട്ടാന്‍ മദ്യത്തില്‍ അഭയം തേടേണ്ടി വരുകയില്ല. ഈ ലോകത്തിന് അപ്പുറത്ത് മറ്റൊരു ജീവിതമുണ്ട് എന്നും ഇവിടെ നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് അനുസരിച്ചാണ് വരും ലോകത്തില്‍ പ്രതിഫലം കിട്ടാന്‍ പോകുന്നത് എന്നുമുള്ള വിശ്വാസവും ക്ഷയിക്കുമ്പോള്‍ ലഹരിയില്‍ അഭയം തേടാനുള്ള സാദ്ധ്യത ഏറെയാണ്. ധാര്‍മ്മികമായ മൂല്യങ്ങള്‍ക്ക് വിലകൊടുക്കാത്ത വ്യക്തികളുടെ എണ്ണം സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നു എന്നതും ഇത്തരം അപചയങ്ങള്‍ക്ക് കാരണമാണ്.

പ്രിയപ്പെട്ട കുട്ടികളേ, ലഹരിയുടെ ഉപയോഗത്തിനെതിരായി നിങ്ങള്‍ അണിചേരണം. നിങ്ങളുടെ സ്കൂളില്‍ ഈ ലഹരിവിമുക്തവര്‍ഷവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പരിപാടികളില്‍ നിങ്ങള്‍ സജീവമായി പങ്കെടുക്കണം. മാത്രമല്ല നിങ്ങള്‍ ഒരിയ്ക്കലും യാതൊരുതരത്തിലും ഉള്ള ലഹരി വസ്തുക്കള്‍ ഉപയോഗിയ്ക്കുകയില്ല എന്ന് പ്രതിജ്ഞ എടുക്കുകയും വേണം. നിങ്ങളുടെ മാതാപിതാക്കളോ കൂട്ടുകാരോ ബന്ധുക്കളോ പരിചയക്കാരോ ലഹരി വസ്തുക്കള്‍ ഉപയോഗിയ്ക്കുന്നവരാനെങ്കില്‍ അത് തെറ്റാണെന്ന് ധൈര്യപൂര്‍വ്വം നിങ്ങള്‍ അവരോട് പറയണം.

പ്രിയപ്പെട്ട അദ്ധ്യാപകരേ, അനദ്ധ്യാപകരേ നിങ്ങളും ഈ യജ്ഞത്തില്‍ പങ്കുകാരാകണം. നിങ്ങള്‍ ഇക്കാര്യത്തില്‍ കുട്ടികള്‍ക്ക് മാതൃകയാകണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു. കേവലം വാക്കുകള്‍കൊണ്ട് ആര്‍ക്കും ആരേയും ഒന്നും ബോദ്ധ്യപ്പെട്രുത്താന്‍ കഴിയുകയില്ല. അതുപോലെ തന്നെ നൂറ് ശതമാനം വിജയം ലഭിയ്ക്കുന്നതുകൊണ്ടും നിങ്ങള്‍ തൃപ്തിപ്പെടരുത്. നിങ്ങളെ ഭരമേല്‍പ്പിച്ചിരിയ്ക്കുന്ന കുട്ടികള്‍ അവരുടെ കുടുംബങ്ങള്‍ക്കും അവരുള്‍പ്പെടുന്ന മതസമൂഹത്തിനും നമ്മുടെ രാജ്യത്തിനും എല്ലാം നന്മ ചെയ്യുന്നവരായി അവരെ പരിശീലിപ്പിയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. അതിന്‍റെ ഒരു പ്രധാന ഭാഗമാണ് ലഹരിവസ്തുക്കള്‍ക്ക് അടിപ്പെടാതെ അവരെ പരിശീലിപ്പിയ്ക്കുക എന്നത്. അതിനായി സര്‍വ്വേസ്വരന്‍ നിങ്ങളെ പ്രാപ്തരാക്കട്ടെ.

 

 

ജോസ് പൊരുന്നേടം

മാനന്തവാടി മെത്രാന്‍There had been a time when faith in God and belongingness to a religion was taken for granted by most members of the society at large. It is no more so. Faith and religion and even the existence of God are constantly on attack. Groups are out there to wipe out faith in God. They play all foul games to attain their aim. Their efforts have begun to bear fruits. India is becoming more and more a lawless land where there is no respect for rule of law, let alone morality in public life. When God is evicted from the heart and mind of man he becomes a savage animal. Morality and probity in public as well as private life vanishes. Simultaneously we see that intolerance to others' faith is on the increase. Intolerance has come to such a sate as to attack and vandalize others' persons and places of worship. Scores of people are murdered in the bright day light because of their faith. Even in this situation I believe that no genuine believer in God can perpetrate such attacks. I am firmly convinced that the vast majority of the population of India, no matter to which religion or caste they belong, is peace loving and would not endorse the present atrocities in our country. They must be the work of groups that are determined to come to power and grab money of the public at any cost. We as faithful citizens of our great country, need to reiterate our faith in democracy and secularism. Democracy is not mobocracy but rule of law. Secularism as it is understood in India is not a state that does not tolerate any religion but a state that respects and promotes all religions. Such is the secularism that is enshrined in the constitution of India formulated by our forefathers who respected the reality that India is not a melting pot but a bunch of diverse flowers and fruits. The beauty of India lies in this variety. India is a model for all other countries that fell apart soon after their independence from the colonial rulers. As we enter into the new year let us resolve to keep this country democratic and secular as well as God-fearing and upholding morality and probity in public and private life. Long live India. God bless you all.

Bishop Jose Porunnedom
Bishop of Mananthavady


Dear Visitors, Cordial welcome! The website of the diocese of Mananthavady is given a face-lift. I believe that the new design will help you browse the site more easily. Obviously there are yet some more links to be completed. We hope to complete them without much delay. Thereafter updates will be posted at regular intervals. We have made every effort to give the data as accurately as possible. However, there can be errors. We will be very happy to correct them if you can let us know.
Bishop Jose Porunnedom
Bishop of the Diocese of Mananthavady